ജ്യോത്സ്യം , മന്ത്രവാദം – സ്വാമി ദയാനന്ദസരസ്വതി
ജ്യോതിഷം – പ്രവചനവും പരിഹാരവും എന്നൊരു ലേഖനം മുന്‍പ് എഴുതിയിരുന്നു. അതിലെ കമന്‍റില്‍ സ്വാമി ദയാനന്ദ സരസ്വതിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. അതിനാല്‍ സ്വാമി ദയാനന്ദസരസ്വതിക്ക് അക്കാലത്ത് നിലനിന്നിരുന്ന ജ്യോത്സ്യത്തെയും മന്ത്രവാദത്തെയും കുറിച്ചുള്ള അഭിപ്രായം ഒരു പോസ്റ്റാക്കുന്നു. ആര്യസമാജ സ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദസരസ്വതി സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാനായി അനവരതം പ്രയത്നിച്ചു. വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി ദയാനന്ദ സരസ്വതി രചിച്ച സുപ്രസിദ്ധമായ സത്യാര്‍ഥപ്രകാശം എന്ന കൃതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം വിശദീകരിക്കുന്ന രണ്ടാം സമുല്ലസത്തില്‍ മന്ത്രവാദത്തെയും ജ്യോത്സ്യത്തെയും പ്രതിപാദിച്ചിരിക്കുന്നു. സംശയശീലമുള്ളവരും കുത്സിതരായ ആളുകളോട് സംസര്‍ഗ്ഗം ചെയ്യുന്നവരും ദുഷിച്ച സംസ്കാരമുള്ളവരുമായ ജനങ്ങള്‍ ഭയവും സംശയവുമുണ്ടാകുന്ന ഭൂതങ്ങള്‍, പ്രേ...