കൃഷ്ണനും ക്രിസ്തുവും ഉണ്ടായിരുന്നോ? ഞാന്‍ ഉണ്ടോ?

കൃഷ്ണനും ക്രിസ്തുവും രാമനും ഒക്കെ ഈ ഭൂലോകത്ത് ജീവിച്ചിരുന്നുവോ എന്നും ഭാഗവതത്തിലും ഗീതയിലും ബൈബിളിലും രാമായണത്തിലും ഒക്കെയുള്ള കഥകള്‍ വിഡ്ഢിത്തങ്ങള്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള നിരവധി ചര്‍ച്ചകള്‍ ഈ ബ്ലോഗ് ലോകത്തും അല്ലാതെയും ധാരാളം നടന്നിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെയും വായിക്കുന്നവരേയും (കാണുന്നവരെയും) ചിന്തിപ്പിക്കാനും സ്വന്തമായൊരു അഭിപ്രായത്തില്‍ അവരെക്കൊണ്ടെത്തിക്കാനും കഴിഞ്ഞാന്‍ നല്ലത്.
കൃഷ്ണന്‍ സ്ത്രീലമ്പടന്‍ ആയിരുന്നില്ലേ? പതിനാറായിരത്തിയെട്ട് ഗോപികമാരെ ഭാര്യമാരാക്കിയില്ലേ? കൃഷ്ണന്‍ അക്കാലത്തെ ഒരു അവര്‍ണ്ണന്‍ ആയിരുന്നില്ലേ, അതല്ലേ ശരീരത്തിന്റെ നിറം നീലയായത്‌? ഏതോ ഒരു കാട്ടുമാനുഷ്യന്റെ അമ്പേറ്റല്ലേ കൃഷ്ണന്‍ മരിച്ചത്? എന്നിങ്ങനെ ബാലിശമായ ചോദ്യങ്ങളില്‍ തുടങ്ങി ഭാഗവതത്തിലെയും ഭഗവദ്ഗീതയിലെയും ശ്ലോകങ്ങളെ പലരീതിയില്‍ വ്യാഖ്യാനിച്ചും ചോദ്യം ചെയ്യുന്നു.
രാമന്റെ കാര്യവും അങ്ങനെതന്നെ. രാമന്‍ അത്ര വലിയൊരു മഹാനായിരുന്നെങ്കില്‍ സ്വന്തം ഭാര്യയെ തട്ടിക്കൊണ്ടുപോയ ഒരു രാക്ഷസനെ കീഴടക്കാന്‍ ഇത്രയ്ക്ക് വലിയൊരു മഹാസാഹസം വേണമായിരുന്നോ? പണ്ട് രാവണനെ സ്വന്തം വാലില്‍ കെട്ടി നടന്ന ആ ബാലിക്കുരങ്ങനോട് പറഞ്ഞെങ്കില്‍ നിമിഷങ്ങള്‍ക്കകം രാവണനെ കീഴടക്കി സീതയെ തിരികെക്കൊണ്ടുവരാമായിരുന്നു. ദക്ഷിണേന്ത്യയിലെ ഈ കുരങ്ങന്മാര്‍ കെട്ടിയതാണോ രാമേശ്വരത്തെ ആ പാലം? ചില രാമായണകഥയനുസരിച്ച് അതൊരു ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആയിരുന്നില്ലേ? രക്ഷിച്ചുകൊണ്ടുവന്ന സീതയെ രാമന്‍ സംശയിച്ചില്ലേ? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍.
ക്രിസ്തുദേവന്റെ കൗമാരയൗവനകാലങ്ങളെക്കുറിച്ച് ബൈബിളില്‍ ഒന്നും പറയുന്നില്ലല്ലോ, അന്നെവിടെയായിരുന്നു ജീസസ്? ഹിമാലയത്തില്‍ വന്ന് ബാബാജി തുടങ്ങിയവരുടെ ശിക്ഷണത്തില്‍ ആത്മീയമാര്‍ഗ്ഗം അഭ്യസിക്കുകയായിരുന്നില്ലേ? കുരിശില്‍ത്തറച്ചപ്പോള്‍ എന്തിനാണ് കരഞ്ഞത്, ഇത്രയ്ക്കുപോലും വേദനസഹിക്കാന്‍ കഴിയില്ലേ ദൈവപുത്രന്?
രാമനും കൃഷ്ണനും ക്രിസ്തുവും ഒക്കെ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കിലും അവരെ നമ്മള്‍ വിമര്‍ശിക്കുമായിരുന്നു. അതാണ്‌ ലോകം, അങ്ങനെയാണ് മനുഷ്യര്‍.
കൃഷ്ണനും ക്രിസ്തുവും രാമനും നബിയും ഒക്കെ ഉണ്ടായിരുന്നോ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്നൊന്നും നമുക്കുറപ്പില്ല. നമ്മള്‍ പഴയ ആ കാലത്തിലേക്ക് ഊളിയിട്ടുനോക്കി അതൊക്കെ ഉറപ്പുവരുത്തിയാല്‍ത്തന്നെ എന്തു പ്രയോജനം? ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ‘ഞാന്‍’ ഉണ്ട് എന്ന് നമുക്കോരോരുത്തര്‍ക്കും ഉറപ്പുണ്ടല്ലോ?
അപ്പോള്‍ ഉറപ്പുള്ള ആ ഒരു കാര്യം, അതായത് ഞാന്‍ ഉണ്ട് എന്ന ബോധം, ഉള്ളപ്പോള്‍ എന്തിന് മറ്റു ചിന്തകള്‍? ആ ‘ഞാന്‍’ ആരാണെന്നും എങ്ങനെ ഇവിടെ വന്നു എന്നും, എന്തിനാണ് വന്നത് എന്നും എത്രകാലം ഇങ്ങനെ കാണും എന്നും നമുക്കറിയാമോ? പിന്നെ എന്തിനുവെറുതെ കൃഷ്ണനെയും ക്രിസ്തുവിനെയും പിടിക്കുന്നു, അവനവനെത്തന്നെ പിടിക്കരുതോ?
എവിടെയോ കേട്ടതോര്‍മ്മവരുന്നു, “ഉള്ളത് ഉള്ള കാലമൊക്കെയും ഉണ്ടല്ലോ”.
ക്രിസ്തുവിനെയും നബിയേയും രാമനെയും കൃഷ്ണനെയും ‘പിന്താങ്ങുകയും’ അതുപോലെ വിമര്‍ശിക്കുകയും ചെയ്യുന്ന ധാരാളംപേര്‍ ഉണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരെക്കുറിച്ച് ആരെങ്കിലും വിപരീതമായി പറഞ്ഞാല്‍ നിങ്ങള്‍ അവനുമായി കൊമ്പുകോര്‍ക്കുന്നു, അല്ലേ?
നിങ്ങള്‍ ദൈവ പുത്രന്‍/അവതാരം/ദൂതന്‍ എന്ന് കരുതുന്ന ക്രിസ്തുവിനും കൃഷ്ണനും നബിക്കുമൊക്കെ വേണ്ടി നിങ്ങള്‍ വാദിക്കണോ? നിങ്ങള്‍ അവരുടെ രക്ഷകനോ അതോ അവര്‍ നിങ്ങളുടെ രക്ഷകനോ? അപ്പോള്‍പ്പിന്നെ ആര് ആരെ രക്ഷിക്കാനാണ്? സ്വയം ചിന്തിച്ചു നോക്ക‍ാം, അല്ലേ?
നമ്മുടെ സാധാരണ കാഴ്ചപ്പാടില്‍ ഈശ്വരവിശ്വാസി അല്ലെങ്കില്‍ നല്ലവന്‍ എന്നാല്‍ ഒരു ‘മാന്യനായി’ (കുറഞ്ഞപക്ഷം പകല്‍മാന്യനായി) ജീവിക്കണം. ആരെങ്കിലും തെറിവിളിച്ചാല്‍ ഓടിമറയുക! എന്തിനെതിരെയും പ്രതികരിക്ക‍ാം, പക്ഷെ ആരും കാണാതെയും കേള്‍ക്കാതെയും പറയുക! എന്നിട്ട് ‘എന്തേ ഈ ലോകം ഇങ്ങനെയായിപ്പോയി’ എന്ന് ആത്മഗതം ചെയ്യുക! അങ്ങനെയാണ് സംസ്കാരമുള്ളവര്‍ എന്നത്രേ!
ആര് എന്തുപറഞ്ഞാലും നിഷ്ക്രിയരായി മാറിനില്‍ക്കണമെന്ന് ഈയുള്ളവന് അഭിപ്രായമില്ല. എന്തിനുവേണ്ടിയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്നത് വ്യക്തമായി ചിന്തിച്ചുറപ്പിച്ചശേഷം പ്രതികരിക്കുന്നതല്ലേ നല്ലത്? വികാരാധിക്യത്താലല്ലാതെ വിചാരം ചെയ്തുറപ്പിചിട്ട് പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാമല്ലോ. ഞാന്‍ എന്തോ ഒരു ആനക്കാര്യം ചെയ്യുന്നു എന്ന അഹങ്കാരബോധത്താലല്ലാതെ, ഒരു കാര്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാമെന്നും നന്മക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്നും ഈയുള്ളവന്‍ വിശ്വസിക്കുന്നു.
ഓരോ പ്രവൃത്തി കാണുമ്പോഴും മൂന്നാമനായി മാറിനിന്ന് പ്രതികരിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. പക്ഷെ, അതില്‍ ഒരാളായി ചിന്തിച്ചു നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതത്രേ പ്രയാസം. പ്രവര്‍ത്തിക്കാതെ പ്രസംഗിച്ചതുകൊണ്ട് ആര്‍ക്ക് എന്തുഫലം?
ഈ ലോകത്ത് ജീവിക്കുക എന്നതുതന്നെ ഒരു കുരുക്ഷേത്രയുദ്ധം ആണ്, അതില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞു ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുകയല്ലേ അഭികാമ്യം?
താങ്കള്‍ക്ക് എന്തുതോന്നുന്നു?

Comments

Popular posts from this blog

ക്ഷേത്രം എന്നാല്‍ എന്താണ്

13 Beautiful Ancient Temples In India That Will Take You Back In Time

1000 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ