പരബ്രഹ്മത്തിന്റെ പൊരുള്‍
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 491 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ഇതി മായേയമാദീര്‍ഘാ പ്രസൃതാ പ്രത്യയോന്‍മുഖീ
സത്യാവലോകമാത്രാതി വിലയൈകവിലാസിനീ (6.2/14/26)
സത്യാവലോകമാത്രാതി വിലയൈകവിലാസിനീ (6.2/14/26)
ഭൂശുണ്ടന്‍ തുടര്‍ന്നു: ആ കുടുംബപരമ്പരയിലെ ഒരാള്‍ സ്വര്‍ഗ്ഗത്തിന്റെ രാജാവായപ്പോള്‍ ജനനമരണചക്രത്തിന് ഒരറുതിവേണമെന്ന് നിശ്ചയിച്ച് അതിനായി പരിശ്രമം ചെയ്യാനുറച്ചു. ദേവഗുരുവായ ബൃഹസ്പതിയില്‍ നിന്നും അദ്ദേഹം അതിനായുള്ള വിദ്യയും അഭ്യസിച്ചു. അനിച്ഛാപൂര്‍വ്വം വന്നുചേര്‍ന്ന അവസരങ്ങളെല്ലാം ഉചിതമായിത്തന്നെ ഉപയോഗിച്ച് അദ്ദേഹം കാലം കഴിച്ചു. യാഗകര്‍മ്മങ്ങള്‍ ചെയ്തു, അസുരന്മാരുമായി രണത്തിലേര്‍പ്പെട്ടു.
അങ്ങിനെയിരിക്കെ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരാഗ്രഹം ഉടലെടുത്തു. ‘പരബ്രഹ്മത്തിന്റെ പൊരുള്‍ എന്തെന്ന് എനിക്കറിയണം.’ എന്ന് നിനച്ച് അദ്ദേഹം സുദീര്‍ഘമായ ധ്യാനത്തില്‍ ആമഗ്നനായി. സ്വയം ഏകാന്തതയില്‍ അഭിരമിച്ച് പ്രശാന്തിയില്‍ അദ്ദേഹം നിലകൊണ്ടു. അപ്പോള്‍ അദ്ദേഹം പരബ്രഹ്മത്തെ ‘കണ്ടു’. സര്‍വ്വശക്തനും, സര്‍വ്വവ്യാപിയും, എല്ലായിടവും നിറഞ്ഞുവിളങ്ങുന്നതും എല്ലാറ്റിന്റെയും സത്തയുമായ പരബ്രഹ്മത്തിന്റെതാണ് എല്ലാ കൈകാലുകളും, കണ്ണുകളും മുഖങ്ങളും തലകളും.
ഇന്ദ്രിയാതീതമാണെങ്കിലും അതിന്റെ സത്ത ബ്രഹ്മമാണ്. യാതൊന്നിനോടും ആസക്തിയില്ലെങ്കിലും എല്ലാറ്റിനെയും താങ്ങി നിര്‍ത്തുന്നത് ബ്രഹ്മമാണ്. സ്വയം സ്വതന്ത്രമാണെങ്കിലും സകല ഗുണങ്ങളും അതില്‍ നിലകൊള്ളുന്നു. സകലചരാചരങ്ങളിലും അകത്തും പുറത്തും, അടുത്തും ദൂരെയും, നിലകൊള്ളുന്ന ബ്രഹ്മം അതീവ സൂക്ഷ്മമായതിനാല്‍ അറിവുകള്‍ക്ക് അതീതമാണ്.
ബ്രഹ്മമാണ് സൂര്യചന്ദ്രന്മാര്‍, എല്ലായിടത്തുമുള്ള ഭൂമിഘടകം, പര്‍വ്വതങ്ങളുടെയും സമുദ്രങ്ങളുടെയും സത്ത. ഈ സൃഷ്ടിയുടെയുടെയും വിശ്വത്തിന്റെയും സ്വഭാവം ബ്രഹ്മമാണ്. സര്‍വ്വ സ്വതന്ത്രമാണത്. എന്നാല്‍ ആദി ബോധവുമാണ്. എല്ലാമെല്ലാമാണെങ്കിലും ഇതൊന്നും ബ്രഹ്മമല്ല.
ആ രാജാവ് (ഇപ്പോഴത്തെ ഇന്ദ്രന്‍) ബ്രഹ്മത്തെ കുടത്തിലും മരത്തിലും തുണിയിലും കുരങ്ങനിലും, മനുഷ്യനിലും ആകാശത്തും മലയിലും ജലത്തിലും അഗ്നിയിലും വായുവിലും വൈവിദ്ധ്യമാര്‍ന്ന പ്രഭാവിശേഷങ്ങളോടെ ദര്‍ശിച്ചു. ലോകമെന്ന ഈ കാഴ്ചയുടെ പിന്നിലുള്ള സത്ത അദ്ദേഹമങ്ങിനെ സാക്ഷാത്ക്കരിച്ചു. അങ്ങിനെ തന്റെ നിത്യനിര്‍മലബോധത്തില്‍ ബ്രഹ്മത്തെ ധ്യാനിച്ച് അദ്ദേഹം നിലകൊണ്ടു. ഇന്ദ്രന്റെ ചക്രവര്‍ത്തിപദമെന്നത് ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല എന്നു തിരിച്ചറിഞ്ഞ അദ്ദേഹം വിശ്വത്തെ നന്നായി ഭരിച്ചു.
പരമാണുവിന്റെ ഉള്ളില്‍ നിലകൊണ്ടു വിശ്വം ഭരിച്ച ഈ ഇന്ദ്രനെപ്പോലെ എണ്ണമറ്റ ഇന്ദ്രന്മാരും വിശ്വങ്ങളും ഉണ്ട്. വിഷയപ്രതീതികളായ ലോകത്തെ സത്യമായി കാണുന്നിടത്തോളം ലോകമെന്ന കാഴ്ച തുടരുകതന്നെചെയ്യും.
“മായ (ലോകമെന്ന വിക്ഷേപം) സത്യത്തെ സാക്ഷാത്ക്കരിക്കുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കും. സത്യസാക്ഷാത്ക്കരത്തില്‍ മാത്രമേ മായ അപ്രത്യക്ഷമാവൂ.” ഈ മായയുടെ വിലാസങ്ങള്‍ എപ്പോഴൊക്കെയാണോ എവിടെയാണോ വികലമാവുന്നത്, അപ്പോള്‍ അതെല്ലാം അഹംഭാവത്തിന്റെ സാന്നിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അഹം ഭാവത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തിലെ മായ അപ്രത്യക്ഷമാവുന്നു.
അനന്താവബോധം എല്ലാത്തരം വിഷയ-വിഷയീ വിഭജനങ്ങള്‍ക്കും അതീതമാണ്. അതിസ്ഥൂലങ്ങളായ പദാര്‍ഥങ്ങള്‍ മുതല്‍ അതിസൂക്ഷ്മാണുക്കള്‍വരെ അത് ശുദ്ധമായ നിശ്ശൂന്യതയാണ്. ബ്രഹ്മം അനന്തമായ, ഉപാധികളില്ലാത്ത ബോധം മാത്രമാകുന്നു.
Comments
Post a Comment