സിദ്ധികളും ധ്യാനാഭ്യാസങ്ങളും
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 602 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ധാരണായോഗിനോ ഹ്യേതേ വരേണ പ്രാപ്ത സിദ്ധയ:
അവിദ്യാ വിദ്യതേ തേഷാം തേന തേഽതദ്വിചാരിണ: (6.2/125/28)
അവിദ്യാ വിദ്യതേ തേഷാം തേന തേഽതദ്വിചാരിണ: (6.2/125/28)
രാമന്‍ ചോദിച്ചു: വിപശ്ചിത് രാജാവ് പ്രബുദ്ധനായിരുന്നുവെങ്കില്‍ അദ്ദേഹം എന്തിനാണ് സ്വയം സിംഹമായും മറ്റും കരുതാനിടയായത്?
വസിഷ്ഠന്‍ പറഞ്ഞു: ഈ രാജാക്കന്മാരുടെ കാര്യത്തില്‍ അവര്‍ പ്രബുദ്ധരും ജ്ഞാനികളും ആണെന്ന് സംഭാഷണമദ്ധ്യേ പറഞ്ഞങ്കിലും വിപശ്ചിത് രാജാവ് പൂര്‍ണ്ണപ്രബുദ്ധനായിരുന്നില്ല. ആ നാല് രാജാക്കന്മാര്‍ പ്രബുദ്ധരോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ ഈ രണ്ട് തലങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാടുകയായിരുന്നു. പ്രബുദ്ധതയുടെ മിന്നലാട്ടങ്ങളുണ്ടായിരുന്നു എങ്കിലും സംസാരബന്ധനത്തിന്റേതായ അങ്കലാപ്പുകളും അവരില്‍ ഉണ്ടായിരുന്നു.
അവര്‍ അര്‍ദ്ധപ്രബുദ്ധരായിരുന്നു. വിപശ്ചിത് രാജാവിന്റെ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്‍റെ ധ്യാനസപര്യകള്‍ കൊണ്ട് നേടിയതാണ്. അതദ്ദേഹം പൂര്‍ണ്ണപ്രബുദ്ധത പ്രാപിച്ചിരുന്നത് കൊണ്ടല്ല. സിദ്ധികളും മനോബലവും മറ്റും ലഭിക്കാന്‍ ധ്യാനാഭ്യാസങ്ങള്‍ കൊണ്ട് സാധിക്കും.
പരമപദപ്രാപ്തി കൈവന്നവനില്‍ അജ്ഞാനമോ മോഹവിഭ്രമങ്ങളോ ഇല്ല. അവര്‍ക്കെങ്ങനെയാണ് ഭ്രമക്കാഴ്ച്ചകള്‍ ഉണ്ടാവുക? ജ്ഞാനസംപൂര്‍ത്തരായ അവര്‍ക്ക് മിഥ്യയെ എങ്ങനെ കാണാനാകും? ധ്യാനസപര്യയാലോ മറ്റോ അതിമാനുഷികമായ സിദ്ധിവിശേഷം നേടിയിട്ടുള്ളവരില്‍, അവ കൃപയാലോ വരത്താലോ ലഭ്യമായതാണെങ്കില്‍ക്കൂടി അവരിലെ അജ്ഞാനം മറ നീക്കി പുറത്തു കാണുക തന്നെ ചെയ്യും.
കാരണം അവര്‍ ധ്യാനിച്ചത് പരമസത്യത്തെയല്ല, സത്യത്തില്‍ നിന്നും വിട്ടുള്ള മറ്റെന്തിനെയോ ഒക്കെയാണ്. മുക്തരായ ഋഷിപുംഗവന്‍മാരാണെങ്കിലും നിത്യജീവിതത്തില്‍ അവരിലും വിഷയീകരണത്തിനു വശംവദരാണ്. മോക്ഷം എന്ന് പറയുന്നതും മനസ്സിന്റെ ഒരവസ്ഥ മാത്രമാണ്. ദേഹത്തിന്റെ നിയതപ്രവര്‍ത്തനങ്ങളുമായി ബന്ധത്തിലായതിനാല്‍ അതിന് അവസാനമില്ല.
ഒരിക്കല്‍ അജ്ഞാനത്തില്‍ നിന്നും വിടുതല്‍ കിട്ടിയ, അല്ലെങ്കില്‍ നിര്‍മനനായ ഒരാളെ മനസ്സിന്റെ ബന്ധനം ബാധിക്കുകയില്ല. പഴം ഒരിക്കല്‍ മരത്തില്‍ നിന്നും താഴെ വീണുകഴിഞ്ഞാല്‍പ്പിന്നെ ആ ഫലത്തെ വീണ്ടുമാ മരവുമായി ബന്ധിപ്പിക്കാന്‍ യാതൊരു പ്രയത്നങ്ങള്‍ക്കുമാവില്ല.
പ്രബുദ്ധപുരുഷനില്‍പ്പോലും ദേഹം അതിന്റെ സഹജമായ നിയതസ്വഭാവമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അയാളിലെ ബോധം മാറ്റമില്ലാതെ നിലകൊള്ളുന്നു. ശരീരത്തിന്റെ അവസ്ഥകള്‍ അതിനെ ബാധിക്കുന്നതേയില്ല. ധ്യാനാദികള്‍ കൊണ്ട് നേടിയ സിദ്ധികള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും എന്നാല്‍ ഒരാളുടെ നിര്‍വാണപദപ്രാപ്തി മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയില്ല.
തേനിന്റെ സ്വാദ് മറ്റൊരാള്‍ക്ക് വാക്കുകളാലോ മറ്റോ മനസ്സിലാക്കിക്കൊടുക്കാന്‍ സാദ്ധ്യമല്ലല്ലോ. സംസാരബന്ധനവും അതിന്റെ വേദനയും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ആ വേദനകളില്‍ നിന്നെല്ലാമുള്ള വിടുതലാണ് മുക്തി. ആരൊരാളുടെ അന്തരംഗം പ്രശാന്തശീതളമാണോ, അയാള്‍ മുക്തന്‍. എന്നാല്‍ മനസ്സും ഹൃദയവും കലുഷാകുലമായവന്‍ എന്നും ബന്ധനത്തിലാണ്. മുക്തിയും ബന്ധനവും ശരീരം പ്രകടിപ്പിക്കുന്ന അവസ്ഥകളല്ല.
തന്റെ ദേഹം ആയിരം കഷണങ്ങളാക്കിയാലും തന്നെപ്പിടിച്ചു ചക്രവര്‍ത്തിയാക്കിയാലും മുക്തപുരുഷന്‍ മുക്തന്‍ തന്നെയാണ്. താന്‍ നിലവിളിച്ചാലും ഉറക്കെ ചിരിച്ചാലും പ്രബുദ്ധന്റെ പ്രബുദ്ധതയ്ക്ക് മാറ്റമില്ല. അയാള്‍ സ്വയം അമിതാഹ്ലാദത്തിലോ വിഷാദത്തിലോ ആമഗ്നനാവുന്നില്ല. ഇത്തരം അനുഭവങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അയാളില്‍ സന്തോഷസന്താപാനുഭവങ്ങളില്ല.
തന്റെ ദേഹം ആയിരം കഷണങ്ങളാക്കിയാലും തന്നെപ്പിടിച്ചു ചക്രവര്‍ത്തിയാക്കിയാലും മുക്തപുരുഷന്‍ മുക്തന്‍ തന്നെയാണ്. താന്‍ നിലവിളിച്ചാലും ഉറക്കെ ചിരിച്ചാലും പ്രബുദ്ധന്റെ പ്രബുദ്ധതയ്ക്ക് മാറ്റമില്ല. അയാള്‍ സ്വയം അമിതാഹ്ലാദത്തിലോ വിഷാദത്തിലോ ആമഗ്നനാവുന്നില്ല. ഇത്തരം അനുഭവങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അയാളില്‍ സന്തോഷസന്താപാനുഭവങ്ങളില്ല.
പ്രബുദ്ധന്‍ മരിച്ചാലും മരിക്കുന്നില്ല. അയാള്‍ വിലപിച്ചാലും വിലപിക്കുന്നില്ല. ചിരിച്ചാലും അയാള്‍ ചിരിക്കുന്നില്ല. അയാള്‍ മമതയോടെ, ആസക്തിയോടെ ജീവിതം നയിച്ചാലും അയാളില്‍ ആസക്തിയില്ല. അയാള്‍ക്കാരോടും മമതയില്ല. അയാളില്‍ ക്രോധമില്ലെങ്കിലും ആവശ്യത്തിനയാള്‍ ക്രുദ്ധനാവും. മോഹവിഭ്രമങ്ങള്‍ പ്രകടിപ്പിച്ചാലും അയാള്‍ ഒരിക്കലും മോഹത്തിനടിമപ്പെടുന്നില്ല.
Comments
Post a Comment