ജ്ഞാനിയുടെ ശത്രുവും മൂഢന്റെ മിത്രവുമാണ് ഇന്ദ്രിയങ്ങള്‍

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 576 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
സ്വപ്നസംകല്‍പ്പ സംശാന്തൌ സ്വപ്ന സംകല്‍പ്പപത്തനം
യദാ സാ സുകുടീ നഷ്ടാ മത് സംകല്‍പ്പോപശാന്തിത: (6.2/93/15)
വസിഷ്ഠന്‍ തുടര്‍ന്നു: ഇതെല്ലാം കഴിഞ്ഞ് ഞാന്‍ ബാഹ്യാകാശത്തിലുള്ള എന്റെ പര്‍ണ്ണശാലയില്‍ വീണ്ടും പ്രവേശിച്ചു. ഞാനെന്റെ ദേഹത്തെ അവിടെ തിരഞ്ഞെങ്കിലും അവിടെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവിടെയൊരു വൃദ്ധമുനിയെ കാണുകയുണ്ടായി. അദ്ദേഹം പദ്മാസനത്തില്‍ ദീര്‍ഘധ്യാനത്തിലായിരുന്നു.
അന്തരാ ഉള്ള ആനന്ദത്തിനും പരമപ്രശാന്തിയ്ക്കുമൊത്ത പവിത്രതയും പ്രഭയും അദ്ദേഹത്തിന്‍റെ മുഖത്തു കാണാമായിരുന്നു. നാഭിയ്ക്ക് മുന്നില്‍ കൈകള്‍ പദ്മമുദ്രയാക്കി ഇരുന്ന ആ മുനിയുടെ മുഖം അസാമാന്യ പ്രഭയാര്‍ന്നു പ്രശോഭിച്ചിരുന്നു.
ദേഹബോധത്തിനതീതനായിരുന്ന അദ്ദേഹത്തിന്‍റെ നയനങ്ങള്‍ അടഞ്ഞിരുന്നു. എന്റെ ദേഹത്തെ കാണാതെ, ഈ ദിവ്യമഹര്‍ഷിയുടെ ധ്യാനമൂര്‍ത്തരൂപം മുന്നില്‍ക്കണ്ടിരിക്കെ ഞാനിങ്ങനെ ആലോചിച്ചു: ഇത് മഹാനായ ഒരു ഋഷിവര്യന്‍ തന്നെയാണ്. എന്നെപ്പോലെ അദ്ദേഹവും ഏകാന്തമായ ഒരിടം തേടി വന്നതാവണം. ഏകാന്തമായ ഒരിടം തേടി അദ്ദേഹവും ആകാശത്തെ ഈ കുടില്‍ കണ്ടുപിടിച്ചതാവണം. ഒരു പക്ഷെ ഞാന്‍ ഇവിടെയെന്റെ ദേഹത്തിലേയ്ക്ക് തിരിച്ചെത്തിക്കാണും എന്ന് പ്രതീക്ഷിച്ചു വന്നതാവം. അല്ലെങ്കില്‍ എന്നെക്കാണാഞ്ഞ് ഇക്കുടിലില്‍ നിന്നും എന്റെ ചൈതന്യരഹിതമായ ദേഹത്തെ വലിച്ചെറിഞ്ഞു കളഞ്ഞ് ഇവിടെ താമസമാക്കിയതാവാനും മതി. ഞാനെന്‍റെ സ്വധാമമായ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് മടങ്ങട്ടെ.
എന്നിങ്ങനെ ചിന്തിക്കവേ, ഈ പര്‍ണ്ണശാലയില്‍ താമസിക്കാനുള്ള എന്റെ ആഗ്രഹം ഇല്ലാതായപ്പോള്‍ ആ കുടിലും മുനിയും എല്ലാം അപ്രത്യക്ഷമായി.
“ഒരുവനിലെ ഭാവന അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ അവസാനിക്കുന്ന മാത്രയില്‍ അവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതെന്തോ അതെല്ലാം അവസാനിക്കുന്നു. എന്നിലെ ഭാവന അവസാനിച്ചപ്പോള്‍ തദ്ഭവമായ പര്‍ണ്ണശാലയും ഇല്ലാതായി.”
ഒരു ബഹിരാകാശക്കപ്പല്‍ വീണുടയുന്നതുപോലെ എല്ലാ സങ്കല്‍പ്പ ധാരണകളും തകര്‍ന്നടിഞ്ഞു. മാമുനിയും താഴെ വീഴ്കേ ഞാനും അദ്ദേഹത്തോടൊപ്പം ഭൂമിയിലേയ്ക്ക് തിരിച്ചു. അദ്ദേഹം വീണത് ധ്യാനനിരതനായി പര്‍ണ്ണശാലയില്‍ ഇരുന്ന അതേ ആസനത്തില്‍ത്തന്നെയാണ്. കാരണം പ്രാണനും അപാനനും സമ്യക്കായി അദ്ദേഹത്തില്‍ ഒത്തുചേര്‍ന്നതിനാല്‍ ഗുരുത്വാകര്‍ഷണം അദ്ദേഹത്തെ ബാധിച്ചിതേയില്ല. അദ്ദേഹം ധ്യാനത്തില്‍ നിന്നും എഴുന്നേറ്റുപോലുമില്ല. അദ്ദേഹത്തിന്‍റെ ദേഹം പാറപോലെ ഉറച്ചതും എന്നാല്‍ പഞ്ഞിപോലെ ലോലവുമായിരുന്നു.
അദ്ദേഹത്തെ വീണ്ടും ദേഹബോധത്തിലെയ്ക്ക് തിരികെ കൊണ്ട് വരാനായി ഞാന്‍ വലിയൊരു മഴമേഘമായി ഇടിവേട്ടോടുകൂടിയ മഴചൊരിഞ്ഞതോടെ അദ്ദേഹം കണ്ണ് തുറന്നു.
ഞാന്‍ ചോദിച്ചു: അങ്ങ് ആരാണ്? എവിടെയാണിപ്പോള്‍? അങ്ങെന്തു ചെയ്യുന്നു? ആകാശത്തുനിന്നും താഴെ വീണപ്പോഴും ആ വീഴ്ച അങ്ങയെ ബാധിക്കാഞ്ഞത് എന്തുകൊണ്ടാണ്?
കുറച്ചു നിമിഷം വീണ്ടും ധ്യാനനിരതനായിട്ട് മുനി പറഞ്ഞു: മഹര്‍ഷെ, ഞാന്‍ അങ്ങയെ തിരിച്ചറിയുന്നു. മഹാത്മാവേ, നമസ്കാരം. നേരത്തെതന്നെ അങ്ങേയ്ക്ക് നമോവാകം നല്‍കാഞ്ഞതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. മാമുനിമാരുടെ സ്വഭാവമാണ് ക്ഷമാശീലമെന്നു ഞാനറിയുന്നു. ഞാന്‍ ദേവന്മാരുടെ ധാമങ്ങളില്‍ കുറച്ചു നാള്‍ അലഞ്ഞു. ഈ സംസാരത്തില്‍ എനിക്ക് താല്‍പ്പര്യമില്ല. എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമായിരിക്കെ നാം സുഖമെന്ന് പറയുന്നത് എന്തിനെയാണ്?
അതിനാല്‍ ഞാന്‍ മനോപാധികളും ആസക്തികളും തീണ്ടാതെ ആകാശത്ത് വസിക്കുകയാണ്. ഇന്ദ്രിയാനുഭവങ്ങള്‍ യാതൊന്നും സത്യമല്ല. ബോധത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുമ്പോള്‍ എല്ലാ ഇന്ദ്രിയാനുഭവങ്ങളും വിഷം. ലൈംഗികചിന്തകള്‍ വെറും ഭ്രമം. മധുരം ‘അനുഭവിക്കുന്ന’വനില്‍ നിന്നും മാധുര്യം പൊയ്പ്പോവുന്നു. അത്തരം അനുഭവങ്ങള്‍ക്ക് വശംവദനാവുന്നവന്‍ നശിക്കുന്നു. എല്ലാവര്‍ക്കുമുള്ളത് അല്‍പമായ ജീവിതമാണ്. അതുമുഴുവന്‍ പലവിധസംഭ്രാന്തികള്‍ നിറഞ്ഞതുമാണ്. ആകസ്മികമായി ചിലപ്പോള്‍ ചിലരില്‍ ആനന്ദനിമിഷങ്ങള്‍ സംജാതമാവുന്നു. ഒന്നും ശാശ്വതമല്ല. ഉറപ്പുള്ളതല്ല. കുലാലന്റെ ചക്രത്തിലെ കലംപോലെ ദേഹം നിസ്തന്ദ്രമായി ചുറ്റിക്കറങ്ങുകയാണ്. ഇന്ദ്രിയങ്ങളെ പിടിച്ചു വലിക്കുന്ന വസ്തുക്കളാകുന്ന പ്രബലതസ്കരന്മാര്‍ എങ്ങും നിറഞ്ഞിരിക്കുന്നു. അതിനാല്‍ ഞാന്‍ തികച്ചും ജഗരൂകനാവേണ്ടതുണ്ട്.

Comments

Popular posts from this blog

ക്ഷേത്രം എന്നാല്‍ എന്താണ്

13 Beautiful Ancient Temples In India That Will Take You Back In Time

1000 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ