ജ്യോത്സ്യം , മന്ത്രവാദം – സ്വാമി ദയാനന്ദസരസ്വതി

ജ്യോതിഷം – പ്രവചനവും പരിഹാരവും എന്നൊരു ലേഖനം മുന്‍പ് എഴുതിയിരുന്നു. അതിലെ കമന്‍റില്‍ സ്വാമി ദയാനന്ദ സരസ്വതിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. അതിനാല്‍ സ്വാമി ദയാനന്ദസരസ്വതിക്ക്  അക്കാലത്ത് നിലനിന്നിരുന്ന ജ്യോത്സ്യത്തെയും മന്ത്രവാദത്തെയും കുറിച്ചുള്ള അഭിപ്രായം ഒരു പോസ്റ്റാക്കുന്നു.
ആര്യസമാജ സ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദസരസ്വതി സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാനായി അനവരതം പ്രയത്നിച്ചു. വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി ദയാനന്ദ സരസ്വതി രചിച്ച സുപ്രസിദ്ധമായ സത്യാര്‍ഥപ്രകാശം എന്ന കൃതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം വിശദീകരിക്കുന്ന രണ്ട‍ാം സമുല്ലസത്തില്‍ മന്ത്രവാദത്തെയും ജ്യോത്സ്യത്തെയും പ്രതിപാദിച്ചിരിക്കുന്നു.

സംശയശീലമുള്ളവരും കുത്സിതരായ ആളുകളോട് സംസര്‍ഗ്ഗം ചെയ്യുന്നവരും ദുഷിച്ച സംസ്കാരമുള്ളവരുമായ ജനങ്ങള്‍ ഭയവും സംശയവുമുണ്ടാകുന്ന ഭൂതങ്ങള്‍, പ്രേതങ്ങള്‍, മറുത, പിശാച് മുതലായവയുണ്ടെന്ന അന്ധവിശ്വാസത്താല്‍ ദുഃഖിതരായിത്തീരുന്നു. നോക്കുക! ഒരു ജീവി മരിക്കുമ്പോള്‍ അതിന്റെ ജീവന്‍ സ്വയംകൃത്യമായ പാപപുണ്യങ്ങള്‍ക്കധീനമായി ഈശ്വരന്റെ നിശ്ചയമനുസരിച്ചു സുഖദുഃഖങ്ങളനുഭവിക്കാന്‍ മറ്റൊരു ജന്മം സ്വീകരിക്കുന്നു. നാശരഹിതനായ സര്‍വ്വേശ്വരന്റെ ആ നിശ്ചയത്തെ – പാപപുണ്യവ്യവസ്ഥയെ – ഇല്ലാതാക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അറിവില്ലാത്ത ജനങ്ങള്‍ വൈദ്യശാസ്ത്രം, പ്രകൃതിവിജ്ഞാനീയം തുടങ്ങിയവ പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യാതെയും സ്വയം ആലോചിച്ചു നോക്കാതെയും സന്നിപാതജ്വരം തുടങ്ങിയ ശാരീരികരോഗങ്ങള്‍ക്കും ചിത്തഭ്രമം മുതലായ മാനസികരോഗങ്ങള്‍ക്കും ഭൂതബാധ, പ്രേതബാധ എന്നെല്ല‍ാം പേരുകൊടുക്കുന്നു. അവര്‍ ആ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ സേവിക്കുകയോ പഥ്യാദികളാചരിക്കുകയോ ചെയ്യാതെ കള്ളന്മാരും അത്യന്തമൂഢന്മാരും ദുരാചാരനിരതന്മാരും സ്വാര്‍ത്ഥമാത്രപരായണന്മാരും കഞ്ചാവുകുടിയന്മാരുമായ മ്ലേച്ഛന്മാരെപ്പോലും വിശ്വസിച്ച് പല പ്രകാരത്തിലുമുള്ള വഞ്ചനകളും വ്യാജങ്ങളും കാപട്യങ്ങളും കാട്ടി, എച്ചില്‍ തിന്നുക, ചരടുജപിച്ചു കെട്ടുക, മന്ത്രങ്ങള്‍ ജപിക്കുക, തകിടുകള്‍ ബന്ധിക്കുക, മുതലായ മിഥ്യാചാരങ്ങള്‍ ചെയ്ത് ധനം മുഴുവനും കളഞ്ഞുകുളിച്ചു, സ്വസന്താനങ്ങളുടെ രോഗങ്ങളെയും ദുരവസ്ഥയെയും വര്‍ദ്ധിപ്പിച്ച് ദുഃഖമുളവാക്കിക്കൊണ്ട് നടക്കുന്നു.
അജ്ഞാനാന്ധന്മാരായധനികര്‍ പാപികളും സ്വാര്‍ത്ഥികളുമായ ആ ദുര്‍ബുദ്ധികളുടെ അടുക്കല്‍ച്ചെന്നു, “സ്വാമിന്‍, ഈ കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. എന്താണവര്‍ക്ക് വന്നു പിണഞ്ഞത്?” എന്ന് ചോദിച്ചാല്‍ അവര്‍ ഇപ്രകാരം മറുപടി പറയും. “ഇവന്റെ ദേഹത്തില്‍ ഒരു വലിയ ഭൂതം, പ്രേതം, ഭൈരവന്‍, വസൂരിമാലമുതലായ മൂര്‍ത്തികളെല്ല‍ാം ബാധിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടുന്ന ഒഴിവുകള്‍ ചെയ്യുന്നതുവരെ അവവിട്ടൊഴിയുകയില്ല. ഒരു സമയം ഇവന്റെ പ്രാണനെക്കൂടി കൊണ്ടുപോയേക്കും. ഞങ്ങള്‍ക്ക് വേണ്ടുവോളം പലഹാരങ്ങളും വല്ല ദക്ഷിണയും കൂടി തരുന്നതായാല്‍ ഞങ്ങള്‍ അവയെ മന്ത്രങ്ങള്‍ ജപിച്ചും ഹോമം ചെയ്തും ഓടിച്ചുകളയ‍ാം.” ഇപ്രകാരം പറയുമ്പോള്‍ ആ അജ്ഞാനാന്ധന്മാര്‍ പറയും: “സ്വാമിന്‍, ഞങ്ങളുടെ സര്‍വ്വസ്വവും നശിച്ചാലും ഇവന്റെ ഭൂതബാധയകറ്റി ഇവനെ സുഖപ്പെടുത്തിത്തരിക മാത്രം ചെയ്‌താല്‍ മതി.” അവര്‍ ഇങ്ങനെ പറയുന്നതോടുകൂടി ആ ദുഷ്ടന്മാരുടെ ആഗ്രഹം സിദ്ധിക്കുന്നു. അവര്‍ തുടരും: “ശരി, ഇത്ര ഒരുക്കങ്ങള്‍ വേണം. ഇത്ര പണം ദക്ഷിണ തരണം. ദേവതയ്ക്ക് ബലി കൊടുക്കണം. ഗ്രഹശാന്തിക്ക് വേണ്ടുന്ന ദാനവും ചെയ്യണം“. മൃദംഗം, ഇലത്താളം, ചെണ്ട, ചേങ്ങില, മുതലായ വാദ്യങ്ങളെടുത്തു അവര്‍ അവന്റെ മുന്നില്‍ച്ചെന്ന് കൊട്ടിപ്പാടുന്നു. തുടര്‍ന്ന് അവരിലൊരു കപടമാന്ത്രികന്‍ കലികൊണ്ട് തുള്ളിച്ചാടി “ഞാന്‍ ഇവന്റെ പ്രാണനെത്തന്നെ കൊണ്ടുപോകും” എന്നു പറയുന്നു. അപ്പോള്‍ ആ മൂഢന്മാര്‍ ആ മാന്ത്രികരുടെ കാല്‍ക്കല്‍വീണ് “അവിടുന്ന് ഇഷ്ടമുളളതെല്ല‍ാം എടുത്താട്ടെ, ഇവന്റെ ജീവനെമാത്രം വിട്ടയക്കണേ” എന്ന് അപേക്ഷിക്കുന്നു. അത് കേള്‍ക്കുമ്പോള്‍ ആ ദുഷ്ടന്‍ പറയുന്നു. “ഞാന്‍ ഹനുമാനാണ്. കൊണ്ടുവാ ലഡ്ഡു, ജിലേബി, എണ്ണ, സിന്ദൂരം, ഒന്നേകാല്‍ മന്നു ഘനമുള്ള ഒരു ഒറ്റചപ്പാത്തി, ചുവന്ന ലങ്കോട്ടി കൊണ്ടുവാ“അതല്ലെങ്കില്‍ “ഞാന്‍ ഭൈരവനാണ്, ഞാന്‍ ഭദ്രകാളിയാണ്. അഞ്ചുകുപ്പി കള്ള്, ഇരുപതു കോഴി, അഞ്ചു കോലാട്, കുറെ പലഹാരം, ഒരു മുണ്ട് ഇതെല്ല‍ാം കൊണ്ടുവാ” എന്നുപറയുന്നു. “വേണ്ടതെല്ല‍ാം എടുത്തുകൊള്‍ക“എന്ന് പറഞ്ഞു മന്ദബുദ്ധികള്‍ കൊടുക്കുമ്പോള്‍ ആ ഭ്രാന്തന്റെ തുള്ളലും ചാട്ടവും അധികമാവുന്നു. എന്നാല്‍ ബുദ്ധിയുള്ളവര്‍ വല്ലവരും ചെന്ന് അവര്‍ക്ക് തിരുമുല്‍ക്കാഴ്ചയായി ചെരുപ്പ് കൊണ്ടോകൈകൊണ്ടോ വടികൊണ്ടോ അഞ്ചു പ്രഹരമോ നല്ല തൊഴിയോ കൊടുക്കുന്നപക്ഷം, അവരുടെ ഹനുമാനും ഭദ്രകാളിയും ഭൈരവനും എല്ല‍ാം വളരെ വേഗത്തില്‍ പ്രസാദിച്ചു മണ്ടിക്കളയും. മറ്റുള്ളവരുടെ പണം തട്ടിക്കുവാനായി പ്രയോഗിക്കുന്ന കപട നാടകങ്ങളാണിതെല്ല‍ാം.
അല്ലെങ്കില്‍ അറിവില്ലാത്തവര്‍ ഗ്രഹസ്ഥനും ഗ്രഹരൂപിയും ആയ ഒരു ജ്യോതിഷാഭാസന്റെ അടുക്കല്‍ച്ചെന്നു “ഇവന് എന്താണ്? ഒന്നു നോക്കിയാട്ടെ” എന്നുപറയുന്നു. അപ്പോള്‍ അയാള്‍ പറയും, “സൂര്യാദിഗ്രഹങ്ങളെല്ല‍ാം ദോഷസ്ഥാനത്താണ്, അവയുടെ കോപശാന്തി വരുത്തുവാന്‍ വേണ്ടുന്ന ജപം, പൂജ, ദാനം എന്നീ ഒഴിവുകളെല്ല‍ാം ചെയ്യിക്കണം. അല്ലെങ്കില്‍ ഇവന്‍ വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കും. പ്രാണഹാനിപോലും വര‍ാം.
ഉത്തരം: ഗണകാ, ഭൂമിയെപ്പോലെതന്നെ അചേതനങ്ങളാണ് സൂര്യാദിലോകങ്ങളും. ചൂടും വെളിച്ചവും തരുവാനല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ അവയ്ക്ക് കഴിവില്ല. കോപിച്ചാല്‍ ദുഃഖത്തേയും പ്രസാദിച്ചാല്‍ സുഖത്തേയും ഉണ്ടാക്കുവാന്‍ അവ ചേതനങ്ങളാണോ?
ചോദ്യം: രാജാക്കന്മാരും പ്രജകളും അടങ്ങിയ ഈ ലോകത്തില്‍ ചിലര്‍ സുഖമുള്ളവരായും മറ്റുചിലര്‍ ദുഃഖമനുഭവിക്കുന്നവരായും കാണപ്പെടുന്നു. അതെല്ല‍ാം ഗ്രഹസ്ഥിതിയുടെ ഫലമല്ലേ?
ഉത്തരം: അതെല്ല‍ാം പുണ്യപാപങ്ങളുടെ ഫലമാണ്.
ചോദ്യം: ജ്യോതിശാസ്ത്രം കേവലം കളങ്കമാണോ?
ഉത്തരം: അല്ല. ആ ശാസ്ത്രത്തിലടങ്ങിയ അങ്കഗണിതം, രേഖാഗണിതം, ബീജഗണിതം മുതലായ ഗണിതഭാഗങ്ങളെല്ല‍ാം ശരിയായിട്ടുള്ളതാണ്. ഫലഭാഗം മുഴുവന്‍ ശുദ്ധമേ വ്യാജമാണ്.
ചോദ്യം: ജാതകം തീരെ നിഷ്ഫലമാണോ?
ഉത്തരം: അതെ; അതിനു ജാതകമെന്നല്ല, ശോകദം എന്നാണു പറയേണ്ടത്. സന്താനം ഉണ്ടാകുമ്പോള്‍ സകലര്‍ക്കും ആനന്ദം ഉണ്ടാകാറുണ്ട്. എന്നാല്‍ ആ ആനന്ദം സന്താനത്തിന്റെ ജാതകം എഴുതി ഗ്രഹഫലം പറഞ്ഞുകേള്‍ക്കുന്നതുവരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ജാതകം എഴുതിക്കേണ്ടതാണെന്ന് ജ്യോത്സ്യന്‍ പറയുമ്പോള്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ജ്യോത്സ്യനോട് “വളരെ വിശേഷപ്പെട്ട ജാതകമായിരിക്കണം” എന്നു പറയുന്നു. പറഞ്ഞേല്‍പ്പിച്ചത് ധനികനാണെങ്കില്‍ ചുവപ്പും മഞ്ഞയും വരകള്‍കൊണ്ടും ചിത്രങ്ങള്‍കൊണ്ടും മോടിപിടിപ്പിച്ചതും, ദരിദ്രനാണെങ്കില്‍ സാധാരണ സമ്പ്രദായത്തിലും ഒരു ജാതകം എഴുതി ഉണ്ടാക്കിക്കൊണ്ടു വുരം. അപ്പോള്‍ കുട്ടിയുടെ മാതാപിതാക്കന്മാര്‍ ജ്യോത്സ്യന്റെ മുന്നില്‍ ഇരുന്നു ചോദിക്കുന്നു. “ഇവന്റെ ജാതകം നല്ലതുതന്നെയല്ലേ?” ജ്യോത്സ്യന്‍ പറയുന്നു. “ഉള്ളതുമുഴുവനും പറഞ്ഞുകേള്‍പ്പിച്ചേക്ക‍ാം.കുഞ്ഞിന്റെ ജന്മ ഗ്രഹവും മിത്രഗ്രഹവും ശുഭങ്ങളാകുന്നു. അതിന്റെ ഫലമായി കുട്ടി വലിയ ധനികനും കീര്‍ത്തിമാനും ആയിത്തീരും. ഏതു സഭയില്‍ ചെന്നാലും ഇവന്റെ തേജസ്സു മറ്റുളളവരുടേതിനേക്കാള്‍ മികച്ചു നില്‍ക്കും. നല്ല ആരോഗ്യമുള്ളവനും രാജാക്കന്മാര്‍കൂടി ബഹുമാനിക്കുന്നവും ആയിത്തീരും.” ഈ വാക്കുകള്‍ കേട്ട് കുട്ടിയുടെ അച്ഛനമ്മമാര്‍ പറയും. “കൊള്ള‍ാം, അങ്ങ് നല്ല ജ്യോത്സ്യരാണ്.
എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ കാര്യം സാധിക്കുകയില്ലെന്ന് ജ്യോത്സ്യനറിയ‍ാം. അതുകൊണ്ട് ജ്യോത്സ്യന്‍ പിന്നെയും പറയുന്നു. “ഈ പറഞ്ഞ ഗ്രഹങ്ങളെല്ല‍ാം വളരെ അനുകൂലങ്ങള്‍ തന്നെ. എന്നാല്‍ ഈ ശുഭഗ്രഹങ്ങള്‍ വേറെ ചില ക്രൂരഗ്രഹങ്ങളോട് കൂടിച്ചേര്‍ന്നാണിരിക്കുന്നത്. അതു നിമിത്തം ഈ കുട്ടിക്ക് എട്ടാമത്തെ വയസ്സില്‍ മൃത്യുയോഗം കാണുന്നു.” ഇതു കേള്‍ക്കുമ്പോഴേക്കും അച്ഛനമ്മമാര്‍ പുത്രാനുണ്ടായ ആനന്ദമെല്ല‍ാം ത്യജിച്ചു ദുഖിതരായി ജ്യോത്സ്യനോട് പറയുന്നു. “ജ്യോത്സ്യരെ, ഞങ്ങള്‍ എന്ത് ചെയ്യണം?” ജ്യോത്സ്യര്‍ ഉടനെ പറയും – “അതിനു പരികാരം ചെയ്യണം.” പരിഹാര മാര്‍ഗ്ഗം എന്താണെന്ന് ഗൃഹസ്ഥന്‍ ചോദിക്കുമ്പോള്‍ ജ്യോത്സ്യന്‍ വീണ്ടും പറയും – “ദാനങ്ങള്‍ കൊടുക്കണം. ഗ്രഹശാന്തിക്കുള്ള മന്ത്രങ്ങള്‍ ജപിക്കണം. ദിവസംതോറും ബ്രാഹ്മണരെ കാല്‍കഴുകിച്ചൂട്ടണം. എങ്കില്‍ ഗ്രഹപ്പിഴ തീരുമെന്നാണ് അനുമാനിക്കേണ്ടത്.” ജ്യോത്സ്യന്‍ ഇവിടെ അനുമാനമെന്നു പറഞ്ഞത് വളരെ മുന്‍കരുതലോടെയാണ്. ഒരു പക്ഷെ കുട്ടി മരിച്ചുപോകുന്നതായാല്‍ അയാള്‍ പറയും. “ഞങ്ങള്‍ എന്തുചെയ്യും? ഈശ്വരനുപരി ആരുമില്ല. ഞങ്ങള്‍ വളരെ യത്നിച്ചു. നിങ്ങളും പലതും ചെയ്യിച്ചു. പക്ഷെ അവന്റെ കര്‍മ്മഫലം അങ്ങനെയാണ്.” കുട്ടി ജീവിച്ചെങ്കില്‍ അപ്പോഴും അയാള്‍ക്ക്‌ പറയ‍ാം, “നോക്കുക, ഞങ്ങളുടെ മന്ത്രങ്ങളുടെയും, ഞങ്ങള്‍ ഉപാസിക്കുന്ന ദേവതമാരുടെയും ബ്രാഹ്മണരുടെയും ശക്തി എത്ര വലുതാണ്‌! നിങ്ങളുടെ കുട്ടിയെ രക്ഷിച്ചുതന്നില്ലേ!
വാസ്തവത്തില്‍ ജപംകൊണ്ട് ഫലമൊന്നുമുണ്ടായില്ലെങ്കില്‍ ആ ധൂര്‍ത്തന്മാരുടെ കയ്യില്‍നിന്നും അവര്‍ക്ക് കൊടുത്തതില്‍ ഒന്നോ രണ്ടോ ഇരട്ടി പണം മടക്കി വാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കി മേടിക്കുക തന്നെയാണ് വേണ്ടത്. എന്തെന്നാല്‍, “അത് അവന്റെ കര്‍മ്മ ഫലമാണ്. ഈശ്വരന്റെ നിയമത്തെ ലംഘിക്കുവാന്‍ ആര്‍ക്കും ശക്തിയില്ല” എന്ന് ജ്യോത്സ്യന്‍ പറയുന്നതുപോലെ “അവന്റെ കര്‍മ്മഫലവും ഈശ്വരന്റെ നിയമവുമാണ് അവനെ രക്ഷിച്ചത്, നിങ്ങളുടെ പ്രവൃത്തിയല്ല” എന്ന് അയാളോടും പറയാവുന്നതാണ്. ദാനങ്ങളും മറ്റു കര്‍മ്മങ്ങളും അനുഷ്ഠിപ്പിച്ചു പ്രതിഫലം വാങ്ങിയിട്ടുള്ള ഗുരു മുതലായവരോടും ജ്യോത്സ്യനോടു പറഞ്ഞതുപോലെ തന്നെ പറയേണ്ടതാണ്.
വസൂരിമാല മുതലായ ദേവതകളും മന്ത്രം, യന്ത്രം, തന്ത്രം എന്നിവയുമെല്ല‍ാം ഇതുപോലെ തന്നെ ശുദ്ധ വ്യാജങ്ങളാണ്. അത് കൊണ്ടുനടക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് മുഴുവനും കപടമാണ്. അവരില്‍ ചിലര്‍ ഇങ്ങനെ പറയുന്നു. “ഞങ്ങള്‍ ചരട് ജപിച്ചു കൊടുക്കുകയോ യന്ത്രം എഴുതി കൊടുക്കുകയോ ചെയ്യുന്നതായാല്‍, അത് കേട്ടുന്നവര്‍ക്ക് അതിന്റെ മാഹാത്മ്യം കൊണ്ട് യാതൊരു ബാധോപദ്രവവും പീഡയും ഉണ്ടാകുന്നതല്ല”. അവര്‍ക്ക് കൊടുക്കേണ്ട മറുപടി ഇതാണ്. “മരണത്തില്‍ നിന്നും ഈശ്വരന്റെ നിയമത്തില്‍ നിന്നും കര്‍മ്മഫലത്തില്‍ നിന്നും മനുഷ്യരെ രക്ഷിക്കുവാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ മന്ത്രശക്തി മുഴുവനും പ്രയോഗിച്ചിട്ടും എത്ര കുട്ടികളാണ് മരിച്ചുപോകുന്നത്. നിങ്ങളുടെ വീട്ടിലുള്ളവര്‍തന്നെ മരിച്ചു പോകുന്നില്ലേ? നിങ്ങള്‍ക്കുതന്നെ മരണത്തില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ കഴിയുമോ?” ഇങ്ങനെ ചോദിക്കുന്നതായാല്‍ അവര്‍ക്ക് സമാധാനമൊന്നും പറയുവാന്‍ സാധിക്കുകയില്ല. “സൂത്രമൊന്നും ഇവിടെ ഫലിക്കുകയില്ല” എന്നവര്‍ മനസ്സിലാക്കുകയും ചെയ്യും.
അതിനാല്‍ ഇത്തരം കള്ളത്തരങ്ങളെയെല്ല‍ാം ത്യജിച്ച്, ധാര്‍മ്മികരും സകല ദേശങ്ങള്‍ക്കും ഉപകാരം ചെയ്യുന്നവരും യാതൊരു വ്യാജവും കൂടാതെ എല്ലാവരെയും വിദ്യകളഭ്യസിപ്പിക്കുന്നവരും ഉത്തമാരും വിദ്വാന്മാരുമായവര്‍ ലോകത്തിനു ഏതുവിധത്തില്‍ ഉപകാരം ചെയ്യുന്നുവോ അതുപോലെതന്നെ അവര്‍ക്കും പ്രത്യുപകാരം ചെയ്യുക. ഈ കര്തവ്യത്തെ ഒരിക്കലും കൈവിട്ടു കളയരുത്. ഇതുപോലെതന്നെ, അനേകവിധത്തിലുള്ള രസായനപ്രയോഗങ്ങളെയും മാരണം, മോഹനം, ഉച്ചാടനം, വശീകരണം മുതലായ നീചകര്‍മ്മങ്ങളെയും ഉപദേശിച്ചു നടക്കുന്നവരും മഹാമൂഢന്മാരാണെന്ന് മനസ്സിലാക്കേണ്ടതാണ്. ഇപ്പറഞ്ഞതും ഇതുപോലെയുള്ളതുമായ സകല മായാപ്രയോഗങ്ങളുടെയും സത്യത്തെ കുട്ടിക്കാലത്തുതന്നെ മനസ്സില്‍ പതിഞ്ഞു കിടക്കത്തക്കവണ്ണം മക്കള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കേണ്ടതാണ്. എന്നാല്‍ അവര്‍ ആ മാതിരിയുള്ള യാതൊരു മോഹജാലങ്ങളിലും അകപ്പെട്ടു ദുഃഖത്തെ പ്രാപിക്കാന്‍ ഇടവരുന്നതല്ല. 

Comments

Popular posts from this blog

ക്ഷേത്രം എന്നാല്‍ എന്താണ്

13 Beautiful Ancient Temples In India That Will Take You Back In Time

1000 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ