ആകാശം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 598 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ആഹ്നി പ്രകാശമസി രക്തവപുര്‍ദിനാന്തേ
യാമാസു കൃഷ്ണാഥ ചാഖിലവസ്തുരിക്തം
നിത്യം ന കിഞ്ചിദപി സദ്‌വഹസീതി മായം
ന വ്യോമ വേത്തി വിദുഷോഽപി വിചേഷ്ടിതം തേ (6.2/116/17)
യാമാസു കൃഷ്ണാഥ ചാഖിലവസ്തുരിക്തം
നിത്യം ന കിഞ്ചിദപി സദ്‌വഹസീതി മായം
ന വ്യോമ വേത്തി വിദുഷോഽപി വിചേഷ്ടിതം തേ (6.2/116/17)
മന്ത്രിമാരും മറ്റുള്ളവരും ഇങ്ങനെ പറഞ്ഞു: അതാ നോക്കൂ മഹാരാജാവേ, അതിര്‍ത്തിദേശങ്ങളിലെ രാജാക്കന്മാര്‍ പരസ്പരം പോരടിക്കുന്നു. യുദ്ധത്തില്‍ മുറിവേറ്റ പാവനചരിതന്മാരായ യോദ്ധാക്കളേയും വഹിച്ചുകൊണ്ട് അപ്സരസ്സുകള്‍ ആകാശരഥങ്ങള്‍ ഓടിക്കുന്നു.
ആരോഗ്യം, സമ്പത്ത്, എന്നിവകൊണ്ട് ഐശ്വര്യപൂര്‍ണ്ണമായ ജീവിതം, സമൂഹത്തിന്റെ അപ്രീതി ഉണ്ടാവാതിരിക്കുക, മറ്റുള്ളവരുടെ ധാര്‍മ്മികമായ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടുക എന്നിവയാണ് ജീവിതത്തിന്റെ സഫലത.
ഒരുവന്‍ യുദ്ധത്തിനു പോര്‍ വിളിച്ചു വരുമ്പോള്‍ ധാര്‍മ്മികമായ യുദ്ധമുറയ്ക്കനുസരിച്ചു പോരാടി വീറോടെ അവനെ കൊന്നൊടുക്കുന്നത് ധര്‍മ്മം തന്നെയാണ്. ആ രണവീരനു വീരസ്വര്‍ഗ്ഗം ലഭിക്കുന്നു.
രാജന്‍, ആകാശത്തേയ്ക്ക് നോക്കിയാലും. അവിടെ ദേവന്മാരും അസുരന്മാരും നക്ഷത്രങ്ങളായി നിലകൊള്ളുന്നു. അതേ ആകാശമാണ് മഹത്തായ ഗ്രഹങ്ങളുടെയും സൂര്യചന്ദ്രാദികളുടേയും വിഹാരരംഗം. മൂഢന്മാര്‍ ആകാശത്തെ നിശ്ശൂന്യമെന്നുതന്നെ ഇപ്പോഴും കരുതുന്നു. നക്ഷത്രാദികള്‍ അനവരതം ചലിച്ചിട്ടും ദേവാസുരന്മാര്‍ക്ക് (പ്രകാശത്തിനും ഇരുട്ടിനും) യുദ്ധംചെയ്യാനുള്ള ഇടമായി നിന്നിട്ടും ആകാശത്തിനു മാലിന്യമേതുമില്ല. അതിന് മാറ്റങ്ങളുമില്ല.
അല്ലയോ ആകാശമേ, സൂര്യനെ നിന്റെ മടിത്തട്ടില്‍ വച്ചിട്ടും ഭഗവാന്‍ നാരായണന്‍ തന്റെ അകമ്പടികളോടുകൂടി നിന്നില്‍ സഞ്ചരിച്ചിട്ടും നിന്നിലെ ഇരുട്ട് പൂര്‍ണ്ണമായും കളഞ്ഞില്ലല്ലോ? അതെത്ര വിസ്മയകരം! എന്നിട്ടും ആകാശത്തെ നാം പ്രബുദ്ധതയായി, ജ്ഞാനമായി, ഉപാധികളാല്‍ കളങ്കപ്പെടാത്തതായി കണക്കാക്കുന്നു.
“ആകാശമേ, പകല്‍ നീയെത്ര പ്രഭാപൂര്‍ണ്ണമായിരിക്കുന്നു! പ്രഭാതസന്ധ്യയിലും സായം സന്ധ്യയിലും നിന്റെ നിറം രക്താഭമാണ്. രാത്രിയില്‍ നീ കറുപ്പാണ്. നിന്നില്‍ വിഷയങ്ങളില്ല. യാതൊന്നിന്റെയും ഭാരം നീ വഹിക്കുന്നില്ല. നീയതിനാല്‍ മായയാകുന്നു. ജ്ഞാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഒന്നും നിന്നെ ശരിയായി അറിയാനായിട്ടില്ല.”
ആകാശമേ, നിനക്കൊന്നും തന്നെ സമ്പത്തായി ഇല്ല. നിനക്ക് നേടാനുമൊന്നുമില്ല. നീ നിന്നില്‍ സ്വയം ശുദ്ധശൂന്യതയാണെങ്കിലും നീ എല്ലാറ്റിനും നിന്നുവിളങ്ങാന്‍ വേണ്ട വിളനിലമാകുന്നു. ദിനവുമുള്ള സവാരിക്കായി സൂര്യന്‍ കണ്ടെത്തിയ ആകാശത്ത് നഗരങ്ങളോ ഗ്രാമങ്ങളോ കാടുകളോ മരങ്ങളോ നിഴലുകളോ ഒന്നുമില്ല! ശരിയാണ്; പാവനചരിതന്മാര്‍ അവരുടെ കര്‍മ്മങ്ങളെ എത്ര കഷ്ടതരമാണെങ്കിലും അലംഭാവമില്ലാതെ കൃത്യമായി അനുഷ്ടിക്കുകതന്നെ ചെയ്യും.
താന്‍ യാതൊന്നും ചെയ്യുന്നില്ല എന്ന മട്ടില്‍ നിലകൊണ്ട് ആകാശം ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നു. അവയുടെ അമിതവളര്‍ച്ചയെ തടയുന്നു. അനന്തമായ വിശ്വത്തിന് ജന്മഗേഹവും അതേസമയം ശ്മശാനവുമായ ആകാശത്തെ നിശ്ശൂന്യമെന്നു വിളിക്കുന്ന ജ്ഞാനികള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു!
Comments
Post a Comment