ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ട് മനസ്സിനെ കീഴടക്കാം

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 230 [ഭാഗം 5. ഉപശമ പ്രകരണം]
വിഷയാന്‍പ്രതി ഭോഃ പുത്ര സര്‍വാനേവ ഹി സര്‍വഥാ
അനാസ്ഥാ പരമാ ഹ്യേഷാ സാ യുക്തിര്‍മനസോ ജയേ (5/24/17)
ബലി ചോദിച്ചു: അച്ഛാ, ഈ അതിശക്തനായ മന്ത്രിയെ ഏതു മാര്‍ഗ്ഗത്തിലൂടെയാണു കീഴ്പ്പെടുത്താനാവുക?
വിരോചനന്‍ പറഞ്ഞു: ഈ മന്ത്രിപുംഗവന്‍ അജയ്യനാണെങ്കിലും അവനെ കീഴടക്കാനുള്ള വിദ്യ ഞാന്‍ പറഞ്ഞു തരാം. ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ടയാളെ ഒരൊറ്റ നിമിഷത്തില്‍ പിടികൂടാം. എന്നാല്‍ അങ്ങിനെയല്ലാത്ത പക്ഷം അയാള്‍ ഒരു വിഷം മുറ്റിയ സര്‍പ്പം പോലെ എല്ലാത്തിനേയും കരിച്ചുകളയും. അയാളെ ബുദ്ധിപൂര്‍വ്വം സമീപിക്കുന്നയാള്‍ കുട്ടികളുമായെന്നപോലെ അയാളുമായി കളികളിലേര്‍പ്പെടുന്നു. അങ്ങിനെ അയാളെ കളിയിലൂടെ കീഴ്പ്പെടുത്തുന്നു. അപ്പോള്‍ അയാള്‍ക്ക് മന്ത്രിയെ മറികടന്ന് രാജാവിനെ ദര്‍ശിച്ച് പരമപദം പൂകാം. രാജാവിനെ കണ്ടുകഴിഞ്ഞാല്‍പ്പിന്നെ മന്ത്രിയെ ചൊല്‍പ്പടിക്കു നിര്‍ത്താം. മന്ത്രി തന്റെ വരുതിയിലായാലോ, രാജാവിനെ കൂടുതല്‍ അടുത്തു ചെന്ന് തെളിമയോടെ ദര്‍ശിക്കം.
രാജാവിനെ കാണുംവരെ മന്ത്രി പിടിതരില്ല. മന്ത്രി പിടിയിലായാലല്ലാതെ രാജാവിനെ ദര്‍ശിക്കാനും കഴിയില്ല. രാജാവിന്റെ ദര്‍ശനാം ലഭിക്കാത്തിടത്തോളം കാലം ഈ മന്ത്രി ശല്യക്കാരനാണ്‌, ദുഃഖം പരത്തുന്നവനാണ്‌. മന്ത്രിയെ പിടിയിലാക്കുംവരെ രാജാവിനെ കാണാന്‍ സാധിക്കില്ല. അതിനാല്‍ ഒരുവന്റെ ബുദ്ധിപൂര്‍വ്വമുള്ള പരിശ്രമം ഒരേസമയത്ത് രണ്ടുതരത്തിലാവണം. ഒന്ന് രാജാവിനെ കാണുവാനുള്ള പ്രയത്നം; രണ്ട് മന്ത്രിയെ കീഴ്പ്പെടുത്തുവാനുള്ള പരിശ്രമം. നിരന്തരമായുള്ള തീവ്ര സാധന കൊണ്ട് നിനക്ക് ഇതു രണ്ടും സാദ്ധ്യമാണ്‌. അങ്ങിനെ നിനക്ക് ഇനിയൊരിക്കലും ദു:ഖാനുഭവങ്ങളുണ്ടാവുകയില്ലാത്ത ഒരിടത്തെത്താം. നിത്യപ്രശാന്തനിരതരായ മാമുനിമാര്‍ അവിടെയാണു വാഴുന്നത്.
മകനേ ഇനി ഇക്കാര്യങ്ങള്‍ തെളിച്ചുതന്നെ പറഞ്ഞു തരാം. ഞാന്‍ പറഞ്ഞ രാജ്യം മുക്തിപദമാണ്‌. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതനത്രേ. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം.
ബലി വീണ്ടും ചോദിച്ചു: അച്ഛാ ഏതു തരം ബുദ്ധിസാധനയാണ്‌ മനസ്സു കീഴടക്കാന്‍ എനിക്കുതകുക?
വിരോചനന്‍ പറഞ്ഞു:“ എല്ലാ സമയത്തും വിഷയവസ്തുസംബന്ധിയായ പ്രതീക്ഷകളില്‍ നിന്നും, ആശകളില്‍ നിന്നും, പ്രത്യാശകളില്‍ നിന്നുമുള്ള പരിപൂര്‍ണ്ണ മോചനം നേടുകയാണ്‌ മനസ്സു കീഴടക്കാനുള്ള ഏറ്റവും ബുദ്ധിപരമായ മാര്‍ഗ്ഗം.” ഇങ്ങിനെ ശക്തിമാനായ മനസ്സെന്ന ഈ മദയാനയെ മെരുക്കാന്‍ നമുക്കു കഴിയും.
ഇത് ക്ഷിപ്രസാദ്ധ്യവും എന്നാല്‍ അതേസമയം അതികഠിനവുമണെന്നുപറയാം. തീവ്രമായ സാധനയിലേര്‍പ്പെടാത്തവര്‍ക്കിതു കഠിനം. എന്നാല്‍ സ്വപരിശ്രമത്തില്‍ അലംഭാവമില്ലാത്ത സാധകനിതെളുപ്പമാണ്‌. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാര്‍ഗ്ഗം സ്വീകരിച്ചാലും. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന്‌ ലക്ഷ്യത്തിലെത്താന്‍ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.

Comments

Popular posts from this blog

ക്ഷേത്രം എന്നാല്‍ എന്താണ്

13 Beautiful Ancient Temples In India That Will Take You Back In Time

1000 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ